
ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനും ഭരണസംവിധാനത്തിലെ ചുവപ്പുനാടകളും കാലതാമസവും ഒഴിവാക്കുന്നതിനുമായി വൻ ഭരണപരിഷ്കാരങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. ഇ സേവനങ്ങളും പേപ്പർരഹിത ഭരണവും പൂർണ്ണമായി ഉറപ്പാക്കുന്ന 'ഡിജിറ്റൽ-ഫസ്റ്റ്' (Digital-First) രീതിയിലേക്ക് മാറാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി അനാവശ്യവും കാലഹരണപ്പെട്ടതുമായ നിയമങ്ങൾ റദ്ദാക്കാനും, ഫയൽനീക്കങ്ങളിലെ തട്ടുകളുടെ എണ്ണം കുറച്ച് തീരുമാനം വേഗത്തിലാക്കാനും നടപടി ആരംഭിച്ചു.
ബിസിനസ് പോളിസി സെൽ രൂപീകരിച്ചു
ഭരണ നടപടിക്രമങ്ങൾ അനായാസമാക്കാൻ പൊതുഭരണ വകുപ്പിന് കീഴിൽ 'ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെൽ' നിലവിൽ വന്നു. ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും നേരിട്ടായിരിക്കും ഈ സെൽ റിപ്പോർട്ട് നൽകുക. സെക്രട്ടേറിയറ്റിലെ ഫയൽനീക്കങ്ങൾ, റൂൾസ് ഓഫ് ബിസിനസ്, ഓഫീസുകളുടെ പ്രവർത്തന മാന്വലുകൾ എന്നിവ പുനഃപരിശോധിച്ച് അനാവശ്യമായ നോട്ടിംഗുകളും റഫറൻസുകളും ഒഴിവാക്കുകയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനായി ചോദ്യാവലിയും തയാറാക്കും.
ഡിജിറ്റൽ സേവനങ്ങളും 'വൺസ്-ഒൺലി' നയവും
പൂർണ്ണ ഡിജിലോക്കർ സേവനം: സർക്കാർ സേവനങ്ങൾക്കായി ഡിജിലോക്കർ നിർബന്ധമാക്കും. ഡിജിറ്റൽ രേഖകൾ ലഭ്യമായാൽ പിന്നെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോ ഫോട്ടോകോപ്പികളോ ആവശ്യപ്പെടില്ല.
വൺസ്-ഒൺലി' (Once-Only) തത്വം: ഒരേ വിവരങ്ങളും സർട്ടിഫിക്കറ്റുകളും പല ഓഫീസുകളിൽ ആവർത്തിച്ച് സമർപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കും. ഒരു തവണ നൽകിയ രേഖകൾ വകുപ്പുകൾ തമ്മിൽ സുരക്ഷിതമായി പങ്കുവെക്കാനുള്ള ഡിജിറ്റൽ സംവിധാനം വരും.
സിവിൽ സർവീസിലും കെ.എ.എസിലും മാറ്റങ്ങൾ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (KAS) ഘടന പുനഃപരിശോധിക്കുന്നതിനൊപ്പം കേഡർ തസ്തികകളിൽ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിരന്തര മാറ്റം ഒഴിവാക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടുവർഷത്തെ സേവനകാലാവധി ഉറപ്പാക്കും.
ഏകോപനത്തിനും പദ്ധതി നിരീക്ഷണത്തിനും ഉന്നതാധികാരസമിതി
പദ്ധതികൾ സമയബന്ധിതമായി തീർപ്പാക്കാനും വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഒരു കേന്ദ്രീകൃത ഉന്നതാധികാരസമിതിക്ക് രൂപം നൽകി. ഡിജിറ്റൽ മോണിറ്ററിംഗ്, പ്രോഗ്രാം രജിസ്ട്രികൾ, ഡാഷ്ബോർഡുകൾ എന്നിവയിലൂടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കും.
കൂടാതെ, കേന്ദ്രഫണ്ട് തടസ്സമില്ലാതെ നേടിയെടുക്കൽ, കേന്ദ്ര ഏജൻസികളുമായും മറ്റ് സംസ്ഥാനങ്ങളുമായുമുള്ള ഏകോപനം, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ചുമതല എന്നിവയും പുതുതായി രൂപീകരിച്ച സെല്ലിനായിരിക്കും.











